Wednesday, December 7, 2011

DAMN-2012

മുല്ലപ്പെരിയാര്‍ ദുര്‍ബലമാണ്. അതിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ വേണ്ടത് ഉടനടിചെയ്യേണ്ടതുണ്ടെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ സ്വാര്‍ത്ഥതാത്പര്യം ലാക്കാക്കി DAM-999 സംവിധായകന്‍ സോഹന്‍ റോയിയും രാഷ്ട്രീയക്കാരും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പെരുപ്പിച്ച നുണകള്‍ പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കി സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴിയും നേരിട്ടും തീവ്രവാദനിലപാടുകളിലേയ്ക്ക് തള്ളിവിടുമ്പോള്‍ അത്രയൊന്നും അകലെയല്ലാത്ത മറ്റൊരു ദുരന്തം നമ്മളെ കാത്തിരിക്കുന്നു. തമിഴ് -ശ്രീലങ്ക ദ്രുവീകരണം പോലെ കേരളവും തമിഴ്‌നാടും തമ്മിലടിക്കുന്ന നാളുകള്‍! വികാരപരമായി മാത്രം വിഷയങ്ങളെ സമീപിക്കുന്ന തമിഴര്‍ മലയാളികള്‍ക്ക് നേരെ മറ്റൊരു തമിഴ് പുലിയായാല്‍!

ഇപ്പോള്‍ തന്നെ അത് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ ഗുരുതരമായ ചേരിതിരിവും അക്രമണങ്ങളും നടക്കുന്നു. അതിനെതിരെ ഇപ്പോള്‍ ഒരക്ഷരവും മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാര്‍ സംഗതി വഷളാകുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനും ടിവി ക്യാമറയുടെ മുന്നില്‍ മോങ്ങാനും വരും. അന്നും അവര്‍ നിരാഹാരവും മനുഷ്യമതിലും പ്രയോഗിക്കും.
അന്ന് പക്ഷെ എല്ലാം കൈവിട്ടിട്ടുണ്ടാകും. മുല്ലപ്പെരിയാര്‍ അന്ന് ആര്‍ക്കും വേണ്ടാത്ത വിഷയമാകും, അടുത്ത ഭൂകമ്പം വരെയെങ്കിലും. 9 മണിക്കുള്ള ടിവി വാര്‍ത്തയില്‍ സ്ഥിരം കുറ്റികള്‍ കയറിയിരുന്ന് അക്രമത്തിനെതിരെ തൊള്ളകീറിയിട്ട് കാശും വാങ്ങീപ്പോകും. നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പുലികള്‍ അന്ന് തമിഴ്‌നാട് അക്രമത്തിനിരയായവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ചാരിതാര്‍ത്ഥ്യരാകും!

Wednesday, August 31, 2011

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷ്‌


"ക്രിയേറ്റിവിറ്റി എന്നുപറയുന്നത്‌ അങ്ങനെ അബ്സ്ട്രാക്ട്‌ ആയി വരുന്നതല്ല. അത്‌ സോഷ്യല്‍ ഇന്‍ട്രാക്ഷനില്‍ കൂടി ഇന്‍വോള്‍വ്‌ ചെയ്ത്‌ വരുന്നതാണ്‌. നേച്ചറും സൊസൈറ്റിയുമൊക്കെയായുള്ള ഇന്‍ട്രാക്ഷനിലൂടെയാണ്‌ അത്‌ വരുന്നത്‌.... "

ഇത്‌ ഏതെങ്കിലും ടിവി പരിപാടിക്കിടയില്‍ രഞ്ജിനി ഹരിദാസ്‌ പറഞ്ഞതൊന്നുമല്ല, നമ്മുടെ പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ മാതൃഭൂമി ഓണപ്പതിപ്പിലെ ഒരു സംവാദത്തില്‍ പറഞ്ഞതാണ്‌. സംവാദത്തിലുടനീളം മലയാളത്തിന്റെ പ്രിയ കവി ഇത്തരം ഭാഷയാണുപയോഗിച്ചിരിക്കുന്നത്‌. ഇത്‌ ചുള്ളിക്കാടിന്റെ മാത്രം കാര്യമല്ല, നമ്മുടെ പല സാഹിത്യകാരന്‍മാരും സംഭാഷണത്തിനിടയില്‍ ധാരാളം ഇംഗ്ലീഷ്‌ കുത്തിനിറയ്ക്കുന്നത്‌ കേള്‍ക്കാം. വളരെ ഭാഷാ സ്വാധീനമുള്ള ഇവര്‍ ആശയപ്രകടനത്തിനായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നത്‌ കാണുമ്പോള്‍ സാധാരണക്കാരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? ഇംഗ്ലീഷില്‍ "ഐഡിയ എക്സ്‌പ്രസ് ചെയ്തില്ലെങ്കില്‍" തന്നെക്കുറിച്ച്‌ മോശമായി ധരിക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടല്ലേ ചുള്ളിക്കാടും ഇങ്ങനെ സംസാരിക്കുന്നത്‌. എന്നുവച്ചാല്‍ മലയാളത്തിലെ അവസാനത്തെ "മഹാകവി"യ്ക്കും ആഢ്യത്വം തോന്നണമെങ്കില്‍ ആംഗലേയം വേണം. എങ്കില്‍പ്പിന്നെ ടിവി അവതാരകരെയും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകാരെയും നമുക്കിനിയെങ്കിലും വെറുതെ വിട്ടുകൂടെ?

മറുകുറി: മലയാളം ഇപ്പോഴും നന്നായി കൈകാര്യം ചെയ്യുന്ന ഒരുകൂട്ടര്‍ മാത്രമേയുള്ളൂ, എല്ലാവരും കുറ്റം പറയുന്ന രാഷ്ട്രീയക്കാര്‍!