Wednesday, August 31, 2011

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മംഗ്ലീഷ്‌


"ക്രിയേറ്റിവിറ്റി എന്നുപറയുന്നത്‌ അങ്ങനെ അബ്സ്ട്രാക്ട്‌ ആയി വരുന്നതല്ല. അത്‌ സോഷ്യല്‍ ഇന്‍ട്രാക്ഷനില്‍ കൂടി ഇന്‍വോള്‍വ്‌ ചെയ്ത്‌ വരുന്നതാണ്‌. നേച്ചറും സൊസൈറ്റിയുമൊക്കെയായുള്ള ഇന്‍ട്രാക്ഷനിലൂടെയാണ്‌ അത്‌ വരുന്നത്‌.... "

ഇത്‌ ഏതെങ്കിലും ടിവി പരിപാടിക്കിടയില്‍ രഞ്ജിനി ഹരിദാസ്‌ പറഞ്ഞതൊന്നുമല്ല, നമ്മുടെ പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ മാതൃഭൂമി ഓണപ്പതിപ്പിലെ ഒരു സംവാദത്തില്‍ പറഞ്ഞതാണ്‌. സംവാദത്തിലുടനീളം മലയാളത്തിന്റെ പ്രിയ കവി ഇത്തരം ഭാഷയാണുപയോഗിച്ചിരിക്കുന്നത്‌. ഇത്‌ ചുള്ളിക്കാടിന്റെ മാത്രം കാര്യമല്ല, നമ്മുടെ പല സാഹിത്യകാരന്‍മാരും സംഭാഷണത്തിനിടയില്‍ ധാരാളം ഇംഗ്ലീഷ്‌ കുത്തിനിറയ്ക്കുന്നത്‌ കേള്‍ക്കാം. വളരെ ഭാഷാ സ്വാധീനമുള്ള ഇവര്‍ ആശയപ്രകടനത്തിനായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നത്‌ കാണുമ്പോള്‍ സാധാരണക്കാരെ കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? ഇംഗ്ലീഷില്‍ "ഐഡിയ എക്സ്‌പ്രസ് ചെയ്തില്ലെങ്കില്‍" തന്നെക്കുറിച്ച്‌ മോശമായി ധരിക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ടല്ലേ ചുള്ളിക്കാടും ഇങ്ങനെ സംസാരിക്കുന്നത്‌. എന്നുവച്ചാല്‍ മലയാളത്തിലെ അവസാനത്തെ "മഹാകവി"യ്ക്കും ആഢ്യത്വം തോന്നണമെങ്കില്‍ ആംഗലേയം വേണം. എങ്കില്‍പ്പിന്നെ ടിവി അവതാരകരെയും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകാരെയും നമുക്കിനിയെങ്കിലും വെറുതെ വിട്ടുകൂടെ?

മറുകുറി: മലയാളം ഇപ്പോഴും നന്നായി കൈകാര്യം ചെയ്യുന്ന ഒരുകൂട്ടര്‍ മാത്രമേയുള്ളൂ, എല്ലാവരും കുറ്റം പറയുന്ന രാഷ്ട്രീയക്കാര്‍!